Wednesday 11 January 2012

http://aavishkaram.blogspot.com/

കേരളത്തില്‍ 1986ലും 87ലുമായി നടന്ന ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ച്‌ തെറ്റായ ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്‌. അതില്‍ പ്രധാനപ്പെട്ടതാണ്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ ശ്രീ മണിലാല്‍ എഴുതിയ ബ്ലോഗനയിലെ കുറിപ്പുകള്‍. ചരിത്രവിരുദ്ധമായ സംഗതികള്‍ ചരിത്രമാക്കാനുള്ള തെറ്റായ ഒരു നീക്കമാണത്‌. ആവിഷ്‌കാരസ്വാതന്ത്ര്യസമരവുമായി തൃശൂര്‍ കെ എസ്‌ ആര്‍ ടി സിക്ക്‌ അടുത്തുണ്ടായിരുന്ന വാഞ്ചി ലോഡ്‌ജിന്‌ ഒരു ബന്ധവുമില്ല. മാത്രമല്ല, ശങ്കരനാരായണന്‍ തമ്പിയെപ്പോലൊരു വയോധികന്‍ (ക്ഷമിക്കണം) ആ ലോഡ്‌ജില്‍ വന്നിട്ടുപോലുമില്ല. 1987 ജനുവരി 4ന്‌ തൃശൂരില്‍ നടന്ന ആവിഷ്‌കാരസ്വാതന്ത്ര്യ കണ്‍വെന്‍ഷനില്‍ സുകുമാര്‍ അഴീക്കോട്‌ എപ്പോഴാണ്‌ സംബന്ധിച്ചതെന്നും അറിവില്ല. സിപിഐ (എംഎല്‍) പ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌, (അന്ന്‌ സാംസ്‌കാരികവേദിക്ക്‌ അന്ത്യകൂദാശ നല്‍കിയിരുന്നല്ലോ) വിശാലമായ ഒരു ജനാധിപത്യപ്രസ്ഥാനമെന്ന നിലയില്‍ ഷൊര്‍ണൂര്‍ റോഡിലെ സോന ലോഡ്‌ജില്‍വെച്ചാണ്‌ ആ കണ്‍വെന്‍ഷന്റെയും കുരിശിന്റെ വഴി എന്ന തെരുവുനാടകത്തിന്റെയും ആലോചന നടന്നത്‌. ആലപ്പാട്‌ ജ്യോത്സ്‌ന എന്ന സംഘടനയുടെ മുഖ്യസംഘാടകന്‍ എന്ന നിലയില്‍ കുരിശിന്റെ വഴി ആലപ്പാട്‌ എസ്‌എന്‍ബി സമാജത്തില്‍ രൂപപ്പെടുത്തുന്നത്‌ 1986 നവംബര്‍ ആദ്യമാണ്‌. 17നാണ്‌ നാടകം അരങ്ങേറാന്‍ നിശ്ചയിച്ചിരുന്നത്‌. പിന്നീട്‌ അറസ്റ്റും കോടതിവ്യവഹാരവും എല്ലാം നടക്കുമ്പോഴും, പി എം ആന്റണിയുടെ ക്രിസ്‌തുവിന്റെ ആറാം തിരുമുറിവ്‌ നാടകമേയല്ല എന്ന ചര്‍ച്ചയിലായിരുന്നു ചിലര്‍. അന്നതിനെ പുഛിച്ചവര്‍ അതിന്റെ ഭാഗമാകാന്‍ നടത്തുന്ന ചില ശ്രമങ്ങളും ഇതിനോടൊപ്പം വായിക്കേണ്ടതാണ്‌. പി സി ഉണ്ണിച്ചെക്കന്‍, എം ശിവശങ്കരന്‍ തുടങ്ങിയ ചിലരാണ്‌ അന്ന്‌ തൃശൂരില്‍ ആവിഷ്‌കാരസ്വാതന്ത്ര്യസമരത്തിന്റെ ചുക്കാന്‍ പിടിച്ചത്‌.
പവനന്‍, വയലാ വാസുദേവന്‍ പിള്ള, നീലന്‍ തുടങ്ങി ഒട്ടേറെ പേര്‍ ഒപ്പമുണ്ടായിരുന്നു. സാംസ്‌കാരികവേദിയുടെ ചരമഗീതം പാടിയവര്‍ അന്ന്‌ പട്ടം പറത്തി കളിക്കുകയായിരുന്നു.
ആവിഷ്‌കാരസ്വാതന്ത്ര്യസമരത്തെ അന്ന്‌ പുഛിച്ചവരെക്കൂടി അതിനൊപ്പം എഴുന്നള്ളിക്കുന്നത്‌ ചരിത്രപരമായ വിഡ്‌ഢിത്തം മാത്രമല്ല, കേരളത്തിന്റെ പോരാടുന്ന സംസ്‌കൃതിയോടുള്ള അവഹേളനം കൂടിയാണ്‌.
ആര്‍ക്കുവേണ്ടിയാണ്‌ ഇവര്‍ ഇത്‌ ചെയ്യുന്നത്‌. ചരിത്രത്തെ നമുക്ക്‌ വളച്ചൊടിക്കാം. പക്ഷേ അത്‌ അതല്ലാതാവുന്നില്ല. ഞാന്‍ എറണാകുളം ലോ കോളജില്‍ രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍, ക്ലാസുപോലും വേണ്ടെന്ന്‌ വച്ചാണ്‌ കുരിശിന്റെ വഴിയും ക്രിസ്‌തുവിന്റെ ആരാം തിരുമുറിവും അതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. അറസ്‌റ്റിലായ 57 പേരുടെ കേസ്‌ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ രൂപീകരിക്കപ്പെട്ട ഡിഫന്‍സ്‌ കമ്മിറ്റിയുടെ കണ്‍വീനറായിരുന്നു ഞാന്‍. പവനന്‍, ശങ്കരനാരായണന്‍ തമ്പി എന്നിവരുമൊത്ത്‌ 1987ല്‍ മുഖ്യമന്ത്രിയായി അദികാരമേറ്റ ഇ കെ നായനാരെ കണ്ടതും മറ്റും ചരിത്രം. പിന്നീട്‌ നാളുകള്‍ക്കുശേഷമാണ്‌ കേസ്‌ പിന്‍വലിച്ചത്‌. ഇങ്ങനെ ചരിത്രത്തില്‍ സംഭവിച്ച വസ്‌തുതകളെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത്‌ സ്വന്തം മനസ്സാക്ഷിയോടുപോലും നീതി ചെയ്യാന്‍ ഇക്കൂട്ടര്‍ക്കാവുന്നില്ല എന്നതിന്റെ തെളിവാണ്‌. ഇത്രയും ഇപ്പോള്‍........ഈ ചര്‍ച്ച നല്ലതിനാണെങ്കില്‍ ഇനിയും തുടരാം.
സ്‌നേഹത്തോടെ
ഇ പി കാര്‍ത്തികേയന്‍